Roots of Sufism in India - PART 2

ഇന്ത്യയിലെ സൂഫിസത്തിന്റെ വേരുകൾ 

( Roots of Sufism in India - PART 2 )

ടതടവില്ലാതെ ഒഴുകുന്ന മനുഷ്യർ ആ വെങ്കല പാത്രങ്ങൾ സന്ദർശിക്കാതെ ദർഗ്ഗയിൽ നിന്ന് മടങ്ങുന്നില്ല . വരുന്നവരെല്ലാം തന്നെ നാണയ തുട്ടുകളും നോട്ടുകളും ആ ഭീമൻ പാത്രത്തിൽ നിക്ഷേപിക്കുന്നു. അതിനു പുറമെ പലതരത്തിലുള്ള അരികളും ഭക്ഷണ സാമഗ്രികളും കെട്ട് പൊട്ടി പരന്ന നിലയിൽ കാണാം. അവ പിന്നീട് പാകം ചെയ്യുമ്പോൾ എത്രമാത്രം വൃത്തിയും ഭക്ഷ്യ യോഗ്യവുമാണെന്ന് ഞാൻ അൽപ്പനേരം ചിന്തിച്ചു. ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ ഭക്ഷണം പാകം ചെയ്ത് ദർഗ്ഗയിലെത്തുന്നവർക്ക് നൽകാറുണ്ട്. മാർബിളിൽ തീർത്ത ആ വഴികളിലൂടെ നടക്കുമ്പോൾ കടയിലെ സ്വർണ്ണ നിറത്തിലുള്ള വസ്തുക്കളിൽ കണ്ണുകൾ നങ്കൂരമിട്ടു പോവും. പലവിധ നിറങ്ങളിലെ കല്ലുകൾ സ്ഥാനം പിടിച്ച വെള്ളി മോതിരങ്ങൾ അതിന്റെ കുറഞ്ഞതും കൂടിയതുമായ വൈവിധ്യങ്ങൾ, കൂട്ടത്തിൽ സൗന്ദര്യം സ്വർണ്ണ നിറത്തിൽ അലങ്കരിച്ച കണ്ണാടികൾക്കാണ്, കാരണം അതിൽ ഞാൻ എന്നെ തന്നെ കാണുന്നു.അത്തറിന്റെ ഗന്ധം വിട്ടുമാറാത്ത അത്തരം കടകളിലെ മറ്റൊരു വിൽപ്പന അള്ളാഹുവിന്റേയും പ്രവാചകന്റെയും അക്ഷരങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഫലകങ്ങളാണ്. മുതിർന്നവരുടെ കൈവിട്ട് ആളുകൾക്കിടയിലൂടെ നീങ്ങുന്ന കുഞ്ഞുങ്ങൾ പെട്ടെന്ന് എന്റെ നേരെയും വന്നു. ഒടുക്കം വേണ്ടപ്പെട്ടവർ വന്ന് പൊക്കിയെടുക്കുമ്പോൾ കേൾക്കുന്ന നിലവിളി ശബ്ദം അൽപ്പം അലോരസപ്പെടുത്തുന്നതായി എനിക്ക് തോന്നി. പുറത്തേക്കു നടക്കുമ്പോൾ എരിയുന്ന കനലിന്റെ പുകമറയും പനിനീർ പൂവിന്റെ സുഗന്ധവും അകലങ്ങളിലേക്ക് മറയുന്നുണ്ടായിരുന്നു.



പ്രധാന കവാടത്തിന് മുന്നിൽ നിന്ന് ഇടത്തോട്ട് സഞ്ചരിച്ചാൽ ഒരു പുരാതന പള്ളിയുണ്ടെന്ന് ഒരാൾ മൊഴിഞ്ഞതനുസരിച്ച് ഞാൻ നടന്നു. വീതി കൂടിയും കുറഞ്ഞും ഒഴുകുന്ന വഴി. ഇരുവശത്തുമുള്ള കടകൾ വഴിയുടെ മധ്യ ഭാഗത്തേക്ക് ചാഞ്ഞു നിൽക്കുന്നു. കടകൾക്ക് സമീപം ഉയരം കുറഞ്ഞ ഇരിപ്പിടങ്ങളിൽ സ്ഥാനം ഉറപ്പിച്ച് ചെറിയ കളിപ്പാട്ടങ്ങൾ വിൽക്കുന്നവർ, ഒരു ചെറു പായയിൽ നിരത്തി നാണയ തുട്ടുകളുടെ കവറുകൾ വിൽക്കുന്നവരാവട്ടെ തറയിലാണ് ഇരിക്കുന്നത്. പോകുന്നിടങ്ങളിൽ നാണയങ്ങളില്ലാത്തത് കൊണ്ട് ദാനം ചെയ്യാൻ പറ്റാത്തവർക്ക് ആശ്രയമാണ് ഇത്തരം മനുഷ്യർ. നേരെ പോകുന്ന ആ തെരുവ് ഇടയ്ക്കിടെ ചിലയിടങ്ങളിൽ ഇരു വശത്തേക്കും മുഖം തിരിക്കുന്നുമുണ്ട് . നടന്ന്  ക്ഷീണിച്ച കാലുകളോട് ദയ തോന്നിക്കാത്തതായിരുന്നു എന്റെ അടുത്ത ലക്ഷ്യസ്ഥാനം. 




വീതിയേറിയ കുറച്ചധികം പടികൾ കയറി വേണം Adhai Din Ka Jhonpra എന്ന പുരാതന നമസ്ക്കാര പള്ളിയുടെ കവാടത്തിലെത്താൻ. ഒറ്റ മുണ്ടിന്റെ തണലിൽ ഒരുപാട് മനുഷ്യരെ കാണാം. ആ തണലിൽ നിന്ന്‌ നീളുന്ന കൈകളിൽ നാണയ തുട്ടുകൾ വെച്ചിട്ടാണ് എല്ലാവരും പടിക്കെട്ടുകൾ കടന്ന് കവാടത്തിന് മുന്നിലെത്തുന്നത്. അജ്‌മീറിലെത്തുന്ന വിശ്വാസികളിൽ ചരിത്ര നിർമ്മിതികളോട് അഭിനിവേശമുള്ളവർ എത്തുന്ന ഒരിടമാണ് Adhai Din Ka Jhonpra. ഒരു ഫോർട്ടു പോലെ ആകാശ ദൃശ്യങ്ങളിൽ തോന്നിപ്പിക്കുന്ന ഈ പള്ളി നിലവിൽ വന്നത് 1199 ൽ ആണ്. നില നിന്നിരുന്ന സംസ്‌കൃത പാഠശാലയെ ഖുതുബ്ദ്ധീൻ ഐബക്കിന്റെ ഉത്തരവ് പ്രകാരം പള്ളിയായി പുനർ നിർമ്മിക്കുകയായിരുന്നു.  ഇസ്ലാം-ഹിന്ദു-ജൈന മതങ്ങളുടെ സംസ്ക്കാരം ഒത്തുചേരുന്ന നിർമ്മിതിയിൽ ഇൻഡോ-ഇസ്ലാമിക് ആർക്കിടെക്ചർ ആണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഡോമുകളും മിനാരങ്ങളും കൊണ്ട് കെട്ടിപ്പൊക്കിയ പള്ളി അതിലെ കൊത്തു പണികൾ കൊണ്ട് സമ്പന്നമാണ്. അറബിയിലാണ് ചിലയിടത്തു കുറിച്ചിട്ടതെങ്കിൽ തൂണുകളിലും മറ്റും ഹൈന്ദവ ആരാധനയുടെ അടയാളങ്ങൾ വ്യക്തമായി തന്നെ കാണാം. കാലത്തിന്റെ സഞ്ചാര പഥത്തിൽ നാശത്തിന്റെ വക്കോളം എത്തി നിൽക്കുന്ന ഇത്തരം സാംസ്‌കാരിക മണ്ഡലങ്ങൾ കാത്തു സൂക്ഷിക്കേണ്ടത് പരമ പ്രധാനമാണെന്ന് ഓട്ടോമൻ സാമ്രാജ്യത്തിന്റെ താവളമായിരുന്ന തുർക്കിയിലെ ഇസ്താൻബുൾ നമുക്ക് തരുന്ന പാഠമാണ്. രണ്ടര ദിവസം കൊണ്ട് നിർമ്മിച്ചെടുത്തു എന്ന് പറയുന്ന ഈ പള്ളിയിൽ സ്വാതന്ത്ര്യാനന്തരം നമസ്കാര കർമ്മങ്ങൾ നിർത്തി വെച്ചു. സമയം പകലിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ സൂര്യൻ പതിവിലും ചൂടിൽ കത്തുന്നതായി അനുഭവപ്പെട്ടു. തണൽ വിരിച്ചുകൊണ്ട് പള്ളിയുടെ നടുമുറ്റത്ത് നിലയുറപ്പിച്ച ഒന്ന് രണ്ട് മരങ്ങളുടെ കീഴിൽ കുട്ടികളടക്കമുള്ളവർ വിശ്രമിക്കുന്നുണ്ടായിരുന്നു.കുടുംബ സമേതം വരുന്നവർ ക്യാമറ ജീവിത മാർഗ്ഗമാക്കിയവരുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോ എടുത്ത് മാറി നിൽക്കുമ്പോൾ ഞാൻ എന്റെ ക്യാമറയിൽ ആ നിമിഷം ഒപ്പിയെടുത്തു.

പൈതൃക സമ്പന്നമായ പള്ളിയിൽ നിന്ന് ഇറങ്ങി കുറച്ചധികം കാഴ്ചകൾ കണ്ട് മുന്നോട്ട് നീങ്ങി. Hazrat Meeran Syed Hussain ദർഗ്ഗയിലേക്കാണ് ഇനി ഞങ്ങൾക്ക് പോകേണ്ടത്. ഒരു മണിക്കൂറോളം യാത്ര വേണ്ടതിനാൽ ടാക്സി പിടിച്ചു വേണം അങ്ങോട്ടു പോകാൻ. ഒരു ചെറു മാർക്കറ്റിന്റെ ഒത്ത നടുവിൽ ദർഗ്ഗായിലേക്ക് ആളുകളെ കൊണ്ട് പോവുന്ന മാരുതി ഒമ്നികൾ നിർത്തിയിട്ടിരിക്കുന്നു. ഞങ്ങൾ മൂന്ന് പേരെ കൂടാതെ മുൻ സീറ്റിൽ ചെറുപ്പക്കാരായ ദമ്പതികളും രണ്ട് യുവാക്കളും ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്ന് പ്രായമായ ബന്ധുവിനൊപ്പം അജ്മീറിലെത്തിയ നബീൽ എന്ന സമ പ്രായക്കാരനും വാഹനത്തിന്റെ സാരഥിയുമായി ആ കൊച്ചു വാഹനം യാത്ര തുടങ്ങി. 'താരാഘർ ' കോട്ടക്ക് സമീപമാണ്  Hazrat Meeran Syed Hussain ദർഗ്ഗ സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതി കൊണ്ടും കാഴ്ചകൾ കൊണ്ടും അജ്‌മീർ ദർഗ്ഗ വ്യത്യസ്തമാണിവിടെ. തിരക്കിട്ട തെരുവുകൾ കടന്ന് ഒട്ടകങ്ങൾ വിഹരിക്കുന്ന നഗരങ്ങൾ കടന്ന് ഹെയർ പിൻ വളവുകൾ കൊണ്ട് സമ്പന്നമായ പാത താണ്ടി വേണം  Hazrat Meeran Syed Hussain ദർഗ്ഗയിലെത്താൻ . രാജസ്ഥാനിലെ ജലദൗർലഭ്യതയെ അതിജീവിച്ചു വളരുന്ന അപൂർവം ചില മരങ്ങളും ചെടികളും മാത്രമാണ് യാത്രയിൽ എനിക്ക് കാണാൻ സാധിച്ചത്.തിരിഞ്ഞിരുന്നുള്ള ആ വാഹനത്തിലെ യാത്ര ഉയരം കൂടുംതോറും എന്റെ ഉള്ളിൽ അസ്വസ്ഥതകൾ നിറച്ചു. ഒന്ന് പുറത്തിറങ്ങി നടന്നാൽ മതിയായിരുന്നു എന്ന് ഞാൻ മനസ്സിൽ ഉരുവിട്ടു. 

 Hazrat Meeran Syed Hussain മരണമടഞ്ഞു മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് താരാഘർ മലനിരകളിൽ ദർഗ്ഗ സ്ഥാപിക്കപ്പെടുന്നത്. അജ്‌മീർ ദർഗ്ഗയിലെ പോലെ ഇവിടെ ജനപ്രവാഹമില്ല. ശാന്തമായ സ്ഥലം, ഇളം കാറ്റിന്റെ തലോടൽ, ആളൊഴിഞ്ഞ കടകൾ, അതിൽ വളയും മാലയും കമ്മലുമൊക്കെ വിൽക്കുന്ന കടകൾ തന്നെയാണ് മിക്കതും. അകത്തേക്ക് പ്രവേശിച്ചാൽ ദർഗ്ഗായിലേക്കുള്ള വഴി കാണാം. താരതമ്യേന എണ്ണത്തിൽ കുറവാണ് Hazrat Meeran Syed Hussain ന്റെ ഖബറിടം സന്ദർശിക്കാനെത്തുന്നവർ. ഹിന്ദു ഇസ്ലാം സിഖ് മതത്തിൽ പെട്ടവർ ഇവിടം വന്നു പോകുന്നു. ദർഗ്ഗയുടെ ചിലയിടത്തെല്ലാം മലയാളത്തിലെ വാക്കുകൾ കാണാം.സുന്നി-ഷിയാ അടയാളങ്ങൾ സൂക്ഷിക്കുന്ന ദർഗ്ഗയുടെ സമീപത്തായി നമസ്‌കാരത്തിനായി പള്ളിയുമുണ്ട്. പള്ളിയുടെ സ്വർണ്ണ നിറത്തിൽ തീർത്ത മിനാരങ്ങളിൽ ബാങ്ക് വിളികൾ മലനിരകൾ കടന്ന് വിശ്വാസികളെ തേടി പോകുന്നു. നബീലിനൊപ്പം ഞാൻ ദർഗ്ഗയുടെ വരാന്തയിലെ കിളിവാതിലിൽ നിന്ന് പുറത്തേക്ക് മലനിരകളുടെ താഴ്ന്ന കാഴ്ചകളിലേക്ക് നോക്കിയിരുന്നു , ശാന്തതയുടെ തീരങ്ങൾ തേടി വരുന്ന ഖവാലി താളങ്ങളെയും കാത്ത്.

Post a Comment

0 Comments