ഇന്ത്യയിലെ സൂഫിസത്തിന്റെ വേരുകൾ
( Roots of Sufism in India - PART 1 )
വർഷങ്ങൾക്ക് മുമ്പ് തന്നെ കേട്ട് പരിചയിച്ച സ്ഥലമാണ് അജ്‌മീർ. പ്രതീക്ഷകളോടെ വിശ്വാസത്തെ കൂട്ട് പിടിച്ചെത്തുന്നവരെയും ആത്മീയതയുടെ അനുഭൂതി തേടി ഭൗമ സൗഖ്യങ്ങളെ ത്യജിച്ചെത്തുന്നവരെയും ഒരു പോലെ സ്വീകരിക്കുന്ന അജ്‌മീർ. 2017 ൽ ആയിരുന്നു ആ യാത്ര . കാലങ്ങളായി ഉമ്മ ആഗ്രഹിച്ച ആ യാത്രക്ക് കൂട്ടായി മുമ്പ് പലതവണ അജ്‌മീർ സന്ദർശിച്ച വല്ലിമ്മയുടെ ( ഉമ്മയുടെ മാതാവ് ) പരിചയ സമ്പത്തു കൂടി ഉണ്ടായി.
എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ 2556 കിലോമീറ്ററുകൾ താണ്ടിയാണ് രാജസ്ഥാനിലെ അജ്മീറിലെത്തുന്നത്. കൊങ്കൺ പാതയും കടന്ന് അറബിക്കടലിന് സമാന്തരമായി യാത്ര ചെയ്ത ട്രെയിൻ വഡോരാ ജംഗ്ഷൻ കഴിഞ്ഞതോടെ രത്‌ലം ജംഗ്ഷൻ ലക്ഷ്യമാക്കി വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗുജറാത്തിലെ പല ഭാഗങ്ങളിൽ അനുഭവപ്പെട്ട മഴ കാരണം ട്രെയിൻ ആറു മണിക്കൂർ വൈകിയാണ് അജ്മീറിലെത്തിയത്. അജ്‌മീറിലേക്കുള്ള ട്രെയിൻ രാജസ്ഥാന്റെ തലസ്ഥാന നഗരിയായ ജയ്‌പൂരിൽ എത്തിയ ശേഷം അജ്മീറിലേക്കു വഴിത്തിരിച്ചു വിടുകയാണ് ചെയ്യുന്നത്. യാത്രയിൽ ഒരുപാട് മലയാളികൾ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അജ്മീർ സന്ദർശിക്കുന്നവരൊഴിച്ചാൽ പലരും കേരളത്തിൽ നിന്ന് ജീവിതം ജയ്‌പ്പൂരിന്റെ പൊടി മണലിൽ നട്ടു പിടിപ്പിച്ചവരാണ്. അവരുടെ പിൻ തലമുറകൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ജീവിതം നയിക്കുന്നവരുമാണ്. ട്രെയിൻ കിഷൻഗർഹ് സ്റ്റേഷൻ കഴിയുന്നതോടെ അജ്‌മീറിന്റെ പുതിയ താളങ്ങൾ കേട്ട് തുടങ്ങും, അത് പക്ഷെ സൂഫിസം വിളിച്ചോതുന്ന ഖവാലികളുടേതല്ല . അജ്മീറിലെത്തുന്നവർക്ക് റൂം, ടാക്സി സർവീസുകൾ ലഭ്യമാക്കാൻ മത്സരിക്കുന്ന കച്ചവടക്കാരുടെ ആർപ്പുവിളികളും യാചകരുടെ നിലവിളികളുമാണ്. ജയ്‌പൂരിലെ നിന്ന് 130 കിലോമീറ്റർ തെക്ക് പടിഞ്ഞാറിനും ജോധ്പുരിൽ നിന്ന് 160 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അജ്‌മീർ എന്ന തീർത്ഥാടന കേന്ദ്രം പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ്.
ഗൂഗിളിന്റെ സഹായത്തോടെ രാത്രിയിൽ ഞങ്ങൾ ക്വജാ മൊയ്‌നുദ്ധീൻ ചിസ്തിയുടെ ദർഗ ഷെരീഫിന്റെ പ്രധാന കവാടത്തിനടുത്തെത്തി. മലയാളികൾ ഏറെ വന്നെത്തുന്ന ആ വഴികളിൽ ഞങ്ങൾക്കൊപ്പം ഒരു മലയാളി കുടുംബവും ചേർന്നു. ദർഗ്ഗയുടെ സമീപ പ്രദേശത്തു തന്നെ മെച്ചപ്പെട്ട ഒരു റൂം തരപ്പെടുകയും ചെയ്തു. സമയം ഏറെ വൈകുമ്പോൾ തെരുവിലെ കടകളെല്ലാം കണ്ണടച്ച് തുടങ്ങും, എങ്കിലും പ്രാർത്ഥനയിൽ കഴിയുന്ന മനുഷ്യരാൽ ദർഗയിൽ എപ്പോഴും വെളിച്ചമുണ്ടാവും. രാത്രിയിലെ മൂകതയിൽ നിന്ന് വ്യത്യസ്തമാണ് സദാസമയവും ആളൊഴുക്കിന്റെ സാക്ഷിയാകുന്ന അജ്‌മീർ തെരുവുകൾ. ദർഗ്ഗയുടെ ചുറ്റിനുമുണ്ട് ഇത് പോലെ തെരുവുകൾ.തെരുവിന്റെ ഇരു വശവും കച്ചവട കേന്ദ്രങ്ങളാണ്. ചെരുപ്പ്, അത്തർ, സ്ത്രീകളുടെ വസ്ത്രങ്ങൾ, മിഠായികൾ ഇതിനെല്ലാം പുറമെ പല നിറങ്ങളിലുള്ള കല്ലുകൾ. ആ കല്ലുകൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് അവർ പറയുന്നത്. കടകളിലേക്ക് കണ്ണും നട്ട് ആ തെരുവിലൂടെ നീങ്ങുക അസാധ്യമാണ്. ചെറിയൊരു അശ്രദ്ധ കാരണം ജീവന്റെ പാതിയും ആ വഴി പോകുന്ന ഇരുചക്ര വാഹനക്കാർ കൊണ്ട് പോയേക്കാം. യാചകരുടെ കേന്ദ്രമാണ് അജ്മീർ. തറയിലൂടെ ഇഴഞ്ഞു നീങ്ങുന്നവർ മുതൽ തനിക്ക് വേണ്ടത് ചോദിച്ചു വാങ്ങുന്ന ആരോഗ്യവാന്മാർ വരെ വിഹരിക്കുന്ന തെരുവ്. വൃത്തിയില്ലാത്ത പ്ലാസ്റ്റിക് കവറുകളിൽ വെള്ളം നിറച്ചു കുടിക്കുന്ന യാചകർ അവിടത്തെ സ്ഥിരം കാഴ്ചയാണ്. നിലനിൽപ്പിന്റെ നിഴലിൽ കഴിയുന്ന ആ ജീവിതങ്ങളുടെ മുന്നിലൂടെ പോകുന്ന ആ പ്രതീക്ഷയുടെ വഴി അവസാനിക്കുന്നത് ഇന്ത്യയിൽ സൂഫിസത്തിന്റെ വിത്തുകൾ പാകിയ ക്വജാ മൊയ്‌നുദ്ധീൻ ചിസ്തി അന്ത്യ വിശ്രമം കൊള്ളുന്ന ദർഗയുടെ പ്രധാന കവാടത്തിന് മുന്നിലാണ്.
പനിനീർ പൂവിന്റെ പരിമളവും അത്തറിന്റെ സുഗന്ധവും അഗര്ബത്തിയുടെ സഞ്ചാരവും ദർഗയുടെ കോമ്പൗണ്ടിലെ വഴികളെ അലങ്കരിക്കുന്നു. അയാൾ വീണ്ടും ഒരു കട കാണിച്ചു, അവിടെ കുട്ടകളിൽ നിറച്ചു വെച്ച പനിനീർ പൂക്കൾ വാങ്ങിക്കാൻ അയാൾ ഞങ്ങളോട് പറഞ്ഞു. അയാളുടെ നിർബന്ധത്തിനു വഴങ്ങി പല വർണ്ണങ്ങളിലുള്ള ഒരു തുണി ഞങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിച്ചു. ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും മത വ്യത്യാസമില്ലാതെ ആളുകൾ ഇവിടെ എത്തുന്നുണ്ട്. പലരും പല രീതിയിലാണ് ആരാധിക്കുന്നത്. തലമറക്കണമെന്ന പൊതുവായ കാര്യമൊഴിച്ചാൽ അവരുടെ ആരാധനാ രീതികളെല്ലാം വ്യത്യസ്തമാണ്.
ദർഗയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഖവാലി ആലപിക്കുന്നവരെ കാണാം. തൊട്ടപ്പുറത്തു മത ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരുമുണ്ട്. ഓരോരുത്തരും അവരവരുടെ പ്രാർത്ഥനകളിലും ആത്മീയതയിലും മുഴുകിയിരിക്കുകയാണ്. കോമ്പൗണ്ടിനകത്താകട്ടെ മറ്റനേകം പേരുടെ ഖബറിടങ്ങൾ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. തിരിതെളിയിക്കുന്ന മാർബിൾ തൂണുകൾ ഇത്തരം കബറിടങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു. ചെരുപ്പെടുക്കുമ്പോൾ കടക്കാരന് ഒരു തുക കൊടുക്കാൻ പറഞ്ഞു കൊണ്ട് ഞങ്ങളെ നയിച്ച ആ മനുഷ്യൻ തന്റെ ടിപ്പും വാങ്ങി അടുത്തയാളിലേക്ക് നീങ്ങി. രണ്ട് ഭീമൻ വെങ്കല പാത്രങ്ങളാണ് അവിടുത്തെ മറ്റൊരു പ്രത്യേകത. പാത്രത്തിനു മുകളിലെത്താൻ ചുറ്റും പടികൾ നിർമ്മിച്ചിട്ടുണ്ട്. മുകളിൽ എത്തിയ എനിക്ക് തെല്ലൊന്നു നെറ്റി ചുളിക്കേണ്ടി വന്നു, പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരു കാഴ്ച.
Instagram link: _i_v_p_
0 Comments