Roots of Sufism in India - PART 3


ഇന്ത്യയിലെ സൂഫിസത്തിന്റെ വേരുകൾ 

Roots of Sufism in India - PART 3 )

താരാഘറിൽ നിന്ന് മടക്കം  

നിശബ്ദതയിൽ തളക്കപ്പെട്ട താരാ ഘർ  മലനിരകളെ അലോരസപ്പെടുത്തിക്കൊണ്ട് കൊടും വളവുകൾ ഇരച്ചു കയറുന്ന വാഹനങ്ങൾ യാത്രക്കാരുമായി ഇടവിട്ട് എത്തിക്കൊണ്ടിരുന്നു. സമയമെത്ര വൈകിയാലും പകലിന്റെ ദൈർഘ്യം കാരണം രാത്രിയായെന്ന്‌ തോന്നാത്തതാണ് അജ്‌മീറിലെ കാലാവസ്ഥ. ചുറ്റും ഇരുട്ട് പതയുമ്പോൾ നഗര വീഥികളിലെ വഴിവിളക്കുകൾ വഴികളെ അലങ്കരിക്കുന്നു. അനന്തമായ പ്രപഞ്ചപത്തിലെ നക്ഷത്രകൂട്ടങ്ങളെ അടുത്ത് കണ്ടെന്ന പോലെ താരാ ഘർ മലനിരകളിൽ നിന്നുള്ള അകലങ്ങളിലെ നഗര കാഴ്ചകൾ ഞാൻ അൽപ്പനേരം കൂടെ ആസ്വദിച്ചു. വഴിയോരങ്ങളിൽ കടകളടച്ചു പൂട്ടി വീടുകളണയാൻ കൊതിക്കുന്ന കച്ചവടക്കാർ, ഇന്നത്തെ കച്ചവടങ്ങളുടെ കൂലിയും കാത്തു നിൽക്കുന്ന അവരുടെ ജോലിക്കാർ, കൂലി കിട്ടിയവരിലാവട്ടെ അതൃപ്തിയുടെ ഭാവ വ്യത്യാസങ്ങൾ, റൂം എത്തുമ്പോഴേക്കും വഴികളെല്ലാം ആളൊഴുക്കിൽ നിന്ന് ഏകാന്തതയിലേക്ക് കുടിയേറിയിരിക്കുന്നു. ഹോട്ടലിന്റെ രണ്ടാം നിലയിലെ വരാന്തയുടെ അറ്റത്തു ഒരു ജനാലയുണ്ട്. അതിന് താഴെ കാണുന്ന വഴി അവസാനിക്കുന്നത് അജ്മീർ ദർഗ്ഗയുടെ മുൻവശത്താണ്. പകലിലെ വെയിലിൽ തെരുവുകളിൽ വലയുന്ന ജീവനുകൾക്ക് രാത്രിയിലെ തണുപ്പിലും രക്ഷയില്ല. പല കടകളുടെയും ഒന്നര കാലടിയുടെ വീതിയുള്ള പടികെട്ടുകളിലാണ് അവർ രാത്രികളിൽ കഴിഞ്ഞു കൂടുന്നത്. മഴവെള്ളം കുത്തിയൊലിക്കുമ്പോൾ കയറിനിൽക്കാനുപയോഗിക്കുന്ന കല്ലിന്മേലാണ് മിക്കവരും തലവെക്കുന്നത്. ആരോ ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടത്തിന്റെ പൊതിയിൽ കലഹിക്കുന്ന തെരുവ് നായകളുടെ ആക്രോശം അവരുടെ ഉറക്കത്തെ യാതൊരു തരത്തിലും അലട്ടുന്നില്ല.

അനസാഗർ തടാകത്തിനരികിൽ 

തലേദിവസത്തെ തുടർച്ചയായ നടത്തം കാലുകൾക്ക് ബലം കൂട്ടിയിരിക്കുന്നു, വിട്ട് മാറാത്ത ക്ഷീണം കാരണം ഞാൻ കുറേകൂടി വിശ്രമിച്ചു. ചരിത്രവും ഐതിഹ്യവും ഇടകലർന്ന അനാസാഗർ തടാകമാണ് എന്റെ അടുത്ത ലക്ഷ്യ സ്ഥാനം. രണ്ട് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള തടാകത്തിലേക്ക് നടന്നോ റിക്ഷകളിലോ മറ്റും പോകാം.അനേകം കുതിര വണ്ടികളും സൈക്കിൾ റിക്ഷകളും തമ്പടിച്ചിരിക്കുന്ന പ്രവേശന കവാടം കടന്നാൽ തടാകത്തോട് ചേർന്നുള്ള ഗാർഡനിലാണെത്തുന്നത്. ഗാർഡനും തടാകത്തിനും സമാന്തരമായി രണ്ടിനും മധ്യേ കൈവരികളോട് കൂടിയ ഒരു നടപ്പാതയുണ്ട്. അൽപ്പം മുന്നോട്ടു നടക്കുമ്പോൾ ബറാദരി എന്നറിയപ്പെടുന്ന മാർബിളിൽ തീർത്ത പവിലിയനുകൾ കാണാൻ സാധിക്കും. ചതുരാകൃതിയിൽ നിർമ്മിക്കപ്പെട്ട ഇത്തരം പവിലിയനുകൾ നിലനിർത്തുന്നത് മാർബിളിൽ തന്നെ തീർത്ത ചെറുതൂണുകൾ കൊണ്ടാണ്. മുഗൾ സാമ്രാജ്യത്തിന്റെ അടയാളമായ ഈ നിർമ്മിതി പണി കഴിപ്പിച്ചത് ഷാജഹാൻ ചക്രവർത്തിയാണ്. വിശ്വാസപരമായും ചരിത്രപരമായും ക്വജാ മൊയ്‌നുദ്ധീൻ ചിസ്തിയുടെ വളർച്ചയോട് ഏറെ അടുത്ത് നിൽക്കുന്നതാണ് 13 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന അനാസാഗർ തടാകം. മുഗൾ ഭരണകാലത്തു അനേകം സാംസ്‌കാരിക ചടങ്ങുൾക്ക്‌ സാക്ഷിയായ പവിലിയനുകളിൽ ഇപ്പോൾ  ഉച്ചവെയിലിൽ നിന്ന് അഭയം തേടി വിശ്രമിക്കുന്ന ശുനകന്മാരെയാണ് കാണാനാവുന്നത്.



തടാകത്തിലെത്തുന്നവർ തങ്ങളുടെ കൈകളിൽ മീനുകൾക്കുള്ള ഭക്ഷണം കരുതും. മീനുകൾക്ക് ഭക്ഷണം നൽകാൻ മുതിർന്നവർ കുട്ടികളെ ഉയർത്തിപ്പിടിക്കും. അവരുടെ പിഞ്ചു കൈകളിൽ നിന്ന് ചോറിന്റെ മണികൾ ഓരോന്നായി വെള്ളത്തിലേക്ക് ചാടി വീഴും, മുങ്ങി താഴ്ന്ന ചെറു മണികളെ രക്ഷിക്കാനെന്ന പോലെ മീനുകൾ ഓടിയടുത്തു വായിലാക്കുന്നു. മീൻ കൂട്ടങ്ങളിലെ പിൻനിരക്കാരിൽ പലർക്കും ഒന്നും കിട്ടിയെന്നു വരില്ല, അവരുടെ മുന്നിലേക്കായിരിക്കും പിന്നീട് വരുന്ന പലരും ചോറിൻ മണികളിടുന്നത്. ഇതെല്ലം നോക്കി നിൽക്കുകയാണ് പവിലിയനുകളുടെ മുകൾ തട്ടിൽ സ്ഥാനം പിടിച്ച കാക്കകൾ. കരയിൽ നിന്ന് ബോട്ട് മാർഗം തടാകത്തിന്റെ മധ്യത്തിലെ ചെറു ദ്വീപിലെത്താം. ചെറിയൊരു പാർക്കും വിശ്രമ കേന്ദ്രവും സജ്ജീകരിച്ചിട്ടുള്ള ദ്വീപിൽ നിന്ന്  കുട്ടികളല്ലാത്തവർ പെട്ടെന്ന് തന്നെ മടങ്ങുന്നുണ്ട്. യാതൊരു ആകർഷണവും അവിടെ കാണാൻ സാധിക്കാത്തതിനാൽ ഞാനും പെട്ടെന്ന് തന്നെ മടങ്ങി. തിരിച്ചു കരയിലെത്തിയപ്പോഴേക്കും മേഘങ്ങൾക്ക് ചാര നിറം വന്നു തുടങ്ങിയിരുന്നു. ഇങ്ങോട്ടു വന്ന റിക്ഷ അധിക ചിലവാണെന്നു വിലയിരുത്തി ഞങ്ങൾ ദർഗ്ഗായിലേക്ക്  തിരിച്ചു നടന്ന് തുടങ്ങി. പഴയ മുഗൾ പ്രതാപ കാലത്തിന്റെ  ശോചനീയാവസ്ഥയെ സൂചിപ്പിക്കുന്ന ചില കെട്ടിടാവശിഷ്ട്ടങ്ങൾ വഴിയുടെ ഇരു ഭാഗത്തും കാണാം. കുതിര വണ്ടികൾ ധാരാളമുണ്ടെങ്കിലും അതിലൊന്നും തന്നെ കാര്യമായ സഞ്ചാരികളില്ല, പലതിന്റെയും ആകർഷണമില്ലായ്മ തന്നെയാണ് പ്രധാന കാരണം. ഒരാൾ വീതിയിൽ കുത്തനെയുള്ള വഴിയുടെ ഇരു വശത്തും കെട്ടിപ്പൊക്കിയ കൂരകൾ വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. എതിരെ വരുന്ന പശുക്കളെ പേടിച്ചു പലപ്പോഴും വീടുകളുടെ അകത്തളങ്ങളിലേക്ക് കയറി നിൽക്കേണ്ടി വന്നു. വീടുകൾ കാണാതെ വരുമ്പോൾ വന്ന വഴിയെ പിറകോട്ട് നടക്കേണ്ടിയും വന്നിട്ടുണ്ട്.




അജ്‌മീറിലെ മഴ 



ദർഗ്ഗയുടെ പ്രധാന വഴിയിൽ എത്തി ചേർന്നതും മഴ തുടങ്ങി. മീറ്ററുകൾ അപ്പുറത്തുള്ള ഹോട്ടൽ മുറിയിലേക്ക് പെട്ടെന്ന് നടന്നെത്താം എന്ന് ചിന്തിക്കും മുമ്പേ മഴ കൂടുതൽ കനത്തു. ഹോട്ടലിനും ദർഗ്ഗയ്ക്കുമിടയിലുള്ള വഴിയുടെ ഇരു വശത്തും ഉയർന്ന പ്രദേശങ്ങളുണ്ട്, ഇവിടെ നിന്നെല്ലാം മഴ വെള്ളം ഒലിച്ചിറങ്ങിയതോടെ വഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എങ്ങനെയും റൂമിലെത്താമെന്ന ചിന്തയിൽ നടക്കവേ കാലുകളുടെ കൂടുതൽ ഉയരങ്ങൾ വെള്ളം എത്തി തുടങ്ങി. ഒടുക്കം ഒരു കടയുടെ പടിക്കെട്ടിൽ കയറി നിന്നു. പതിയെ മഴ മാറി തുടങ്ങി. റോഡിന്റെ ടാറിട്ട ഭാഗം കണ്ടു തുടങ്ങി. അപ്പോഴേക്കും പ്ലാസ്റ്റിക് കവറുകളും അഴുകിയ ഭക്ഷണ സാധനങ്ങളും മനുഷ്യ വിസർജ്ജനവും കൊണ്ട് റോഡ് നിറഞ്ഞിരുന്നു. പൂർവ സ്ഥിതിയിലേക്ക് വഴിയെത്തും മുമ്പേ ആളുകൾ നടന്നു തുടങ്ങി, കാരണം ആ നാടിനെ സംന്ധിച്ചിടത്തോളം ഇതാദ്യമായല്ല ഇങ്ങനെയൊരവസ്ഥ. റിക്ഷാവാലകൾ മഴയിൽ പൊളിഞ്ഞ കൂരകൾ നന്നാക്കുന്നു, യാചകർ അവരുടെ കൈകൾ വീണ്ടും പ്രതീക്ഷയോടെ നീട്ടുന്നു, മധുര പലഹാരങ്ങൾ വിൽക്കുന്നവർ ഉച്ചത്തിൽ സംസാരിച്ചു ആളുകളെ ആകർഷിക്കുന്നു, പരന്നൊഴുകുന്ന മനുഷ്യ വിസർജ്ജത്തിന്റെ നാറ്റത്തെ മറികടനാവാതെ നിൽക്കുന്ന എന്റെ മൂക്കിനെ പ്രലോഭിച്ചുകൊണ്ട് കടകളിലെ അത്തർ കുപ്പികൾ പുഞ്ചിരിക്കുന്നു. ദൈവാരാധന ജീവിതവും ജീവിത മാർഗവുമാക്കിയ ഒട്ടെറെ മനുഷ്യർ നിമിഷ നേരം കൊണ്ട് ആ വഴി കടന്നു പോയി. മഴ പൂർണ്ണമായും മാറി നിന്നപ്പോൾ ഹോട്ടൽ മുറി ലക്ഷ്യമാക്കി ഞങ്ങളും നടന്നു നീങ്ങി. ഒട്ടും വിഭിന്നമല്ലാത്ത മറ്റൊരു രാത്രി കൂടി അന്നേദിവസം കടന്ന് പോയി.


മടക്കം


ഉച്ചയ്ക്ക് 1 മണിക്കാണ് അജ്‌മീറിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ. ഒന്നും മറന്ന് വെച്ചിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കി ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ട്രെയിൻ കാത്തു സ്റ്റേഷനിലിരിക്കുമ്പോൾ ദർഗ്ഗയും, അവിടങ്ങളിൽ നിറയുന്ന ഖവാലിയും, ദർഗ്ഗയുടെ ചുറ്റിലെ തെരുവ്, കടകൾ, പനിനീർ പൂക്കൾ, അവ വിൽക്കുന്ന ജുബ്ബ ധരിച്ച കച്ചവടക്കാർ, ജീവിതം പോലെ തന്നെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങുന്ന മനുഷ്യർ, ഒഴുകി നീങ്ങുന്ന മനുഷ്യർക്കിടയിലൂടെ വെട്ടി മാറുന്ന റിക്ഷാ വണ്ടികൾ, അവസാനം പെയ്ത മഴയിൽ കുതിർന്ന നിമിഷങ്ങൾ ഇവയെല്ലാം തന്നെ യാഥാർഥ്യങ്ങളിൽ നിന്ന് എന്റെ ഓർമ്മകളിലേക്ക് മാത്രം ഒതുങ്ങി.


 (അവസാനിച്ചു)



Post a Comment

0 Comments