The wind at Ramakkalmedu

രാമക്കൽമേടിലെ കാറ്റ് 

(The wind at Ramakkalmedu)



യരങ്ങളിലേക്കുള്ള യാത്ര പോലെയാണ് ഓരോ തീരുമാനങ്ങളും, ഉയരം കൂടുന്തോറും അത് ഭയപ്പെടുത്തികൊണ്ടിരിക്കും, തിരിച്ചിറങ്ങാമെന്ന ചിന്ത പോലും അപകടമാണ്. കൂടെ വന്ന സമയത്തെ പറഞ്ഞു വിട്ടു . ഞങ്ങളെയും കാത്തു നിൽക്കാതെ അന്നത്തെ അവസാന ബസ്സ് കട്ടപ്പനക്ക് പോയി. പുലർച്ചെ 3.30 വരെ കാത്തു നിന്നതിൽ ഫലം കണ്ടു. ബസ്സിലെ ഇടതു ഭാഗത്തെ ആദ്യ മൂന്നു സീറ്റും ഞങ്ങൾ കയ്യേറി, നഷ്ട്ടപെട്ട സീറ്റിനെ ഓർത്തു പരിഭവിച്ച കണ്ടക്‌ടർ പക്ഷെ പരാതി പറഞ്ഞില്ല.


കട്ടപ്പനയിൽ 

ബസ്സും ഓട്ടോയും ജീപ്പും മാറി കയറി ഒടുക്കം കാൽനടയായി രാമക്കൽമേട്‌ താഴെ എത്തി. ക്ഷീണം അലട്ടിയ കാലിനെ വകവെക്കേണ്ടെന്നു കണ്ണിന്റെ കൗതുകം രഹസ്യം പറഞ്ഞു. മലയുടെ ചെരുവിൽ പരസ്പരം കെട്ടിപുണരുന്ന മുളങ്കാടുകൾ തണൽ വിരിച്ച , ആരോ വെട്ടിയിട്ട വഴികളിലൂടെ മുന്നോട്ടുള്ള യാത്ര തുടർന്നു. വെയിൽ മാറുന്നതിനു മുമ്പേ കച്ചവടം തീർന്നതിൽ ബാക്കി വന്ന തണ്ണിമത്തൻ ഒരു പ്രായമായ സ്ത്രീ വഴിയിൽ ഞങ്ങൾക്ക് നേരെ വച്ചുനീട്ടി. തെറ്റിപ്പിരിഞ്ഞ പാറക്കെട്ടുകളിൽ വലിഞ്ഞു കയറി ഒടുക്കം മുകളിലെത്തി. 





നേർരേഖയിലുള്ള തമിഴ്‌നാട് റോഡിന് ഇരു വശവും തോട്ടങ്ങൾ കാണാം, കുറച്ചകലെ കമ്പം, ഉത്തമപാളയമെല്ലാം വിളിപ്പുറത്തുണ്ട് . പടിഞ്ഞാറിൽ സൂര്യൻ ജട വളർത്തിയ മലകൾക്ക് പിറകിൽ ഒളിക്കുന്നു. തലയ്ക്കു മീതെ പായുന്ന മേഘത്തെ കൈ കാണിച്ചുകൊണ്ട് ദൂരെ കാറ്റാടികൾ നിലയുറപ്പിച്ചിട്ടുണ്ട്. പിന്നാലെ വന്നവരെയല്ലാം കൈ പിടിച്ചു മുകളിൽ എത്തുമ്പോൾ അറിയാതെ വാ പൊളിച്ചു പോവും , അത് കാണുമ്പോൾ എനിക്ക് തോന്നും ഇവർക്ക് മുമ്പേ ഞാൻ ഈ കാഴ്ചയെകീഴടക്കിയല്ലോയെന്ന്‌. കുറവൻ കുറത്തി മല നോക്കി ഒന്നുച്ചവെച്ചു താഴേക്കിറങ്ങാൻ തുടങ്ങി. ഇറക്കങ്ങൾ ആയിരുന്നു എപ്പോഴും എന്നെ അലട്ടിയിരുന്നത് , ആത്മവിശ്വാസത്തിന്റെ കുറവ് കാലുകൾക്കു ഭാരം കൂട്ടി . വാഹനങ്ങളെല്ലാം നിലച്ചപ്പോൾ ഞങ്ങളെ തിരിച്ചു സ്റ്റാന്റിലെത്തിക്കാൻ വന്ന ചേട്ടൻ ഞങ്ങളുടെ മനസ്സിൽ കുടിയേറി. ആറ്റുകാൽ പൊങ്കാലയ്ക്ക് സ്വാഗതം ചൊല്ലികൊണ്ടുള്ള വർണ്ണവിളക്കുകളും അതിനു താഴെ സ്ഥാനം ഉറപ്പിച്ചു അന്തിയുറങ്ങുന്നവരുമായിരുന്നു തിരുവനന്തപുരം എത്തുമ്പോഴുള്ള കാഴ്ച . ഒരു ദിവസത്തെ ഉറക്ക ക്ഷീണമേ ആ യാത്രയ്ക്ക് ഉണ്ടായിരുന്നുള്ളു. വിധി മറ്റൊന്നായിരുന്നു. ലോകം കൊറോണയെ മറക്കുന്ന ദിവസം തൊട്ട് യാത്രകൾ തുടരണം. 





Post a Comment

0 Comments