കല്ലുകൾ കഥകൾ പറയുന്ന ഹംപി
വായനയിൽ തെളിയുന്ന എഴുത്തും യാത്രയിൽ പൂക്കുന്ന അനുഭവങ്ങളും സംഗമിക്കുന്നിടത്താണ് നല്ല സൃഷ്ട്ടികൾ ഉണ്ടാകുന്നത്. ഈ പരീക്ഷണത്തിലെ ആദ്യ യാത്രകളിൽ ഒന്നായിരുന്നു ഹംപിയിലെ യാത്ര. 5 ദിവസത്തെ ബാംഗ്ലൂർ സഹവാസത്തിനു ശേഷം ആത്മമിത്രം വിവേകിനൊപ്പം ജനറൽ കംപാർട്മെന്റിൽ 390 കിലോമീറ്ററുകൾക്കപ്പുറമുള്ള ഹോസ്പേട്ട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. അൽപ്പം നടന്നാൽ ബസ് സ്റ്റാൻഡാണ്, ബസ്സിൽ 13 കിലോമീറ്റർ യാത്ര കഴിഞ്ഞാൽ ഹംപിയിലെത്താം. റെന്റിന് ബൈക്ക് കിട്ടുമെന്ന ആഗ്രഹം വിഫലമായതോടെ ഓട്ടോയിൽ ഹംപി കാണിക്കാമെന്ന വാഗ്‌ദാനം നൽകി കൊണ്ട് ഒരുപാട് പേർ ഞങ്ങളെ തേടിയെത്തി, വഴിമാറി നടന്ന ഞങ്ങളെ അവർ പിന്തുടർന്നു. ചോദിച്ച പൈസയിൽ ഇളവുകൾ വരുത്തിയെങ്കിലും, ഞങ്ങൾ തിരഞ്ഞെടുത്തത് സൈക്കിളായിരുന്നു. അവിടെയും ഒരു പ്രശ്‍നം ഉടലെടുത്തു, കാരിയേജ് ഇല്ലാത്തത് കാരണം മുഷിഞ്ഞ വസ്ത്രങ്ങളടങ്ങിയ വലിയ ബാഗുകൾ യാത്രയിലുടനീളം ചുമക്കേണ്ടി വരുമെന്ന് ഞങ്ങളുറപ്പിച്ചു.
ഹംപിയുടെ ആദ്യ കാഴ്ചകളിൽ ഒന്നായ വിരൂപാക്ഷക്ഷേത്രം. "ക്ഷേത്ര ദർശനം പിന്നീടാവാലോ" എന്ന സ്വരത്തിൽ അതിന് എതിർ വശം നിലകൊള്ളുന്ന മാതംഗ ഹിൽസ് ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി. കല്ലിൽ തീർത്ത പടിക്കെട്ടുകൾ കടന്നാൽ പ്രധാന കവാടമെന്നു തോന്നിപ്പിക്കും വിധത്തിൽ ഒരു നിർമ്മിതി കാണാം. ഒട്ടും നനവില്ലാത്ത മണ്ണിൽ പാറക്കെട്ടുകളോട് ചേർന്ന് നിന്ന് വളരുന്ന ചെടികളാണ് വഴിയരികിൽ കുളിർമ തരുന്ന കാഴ്ചയായി നിലനിൽക്കുന്നത്. പരസ്പരം ബാലൻസ് ചെയ്ത് നിൽക്കുന്ന വലുതും ചെറുതുമായ പാറക്കെട്ടുകൾ ഹില്ലിന്റെ മുകൾ തട്ടിലേക്കുള്ള വഴിയിൽ ഒരു സ്ഥിരം കാഴ്ചയായി. ഇടയ്ക്കിടെ തെളിഞ്ഞു വരുന്ന കൽപ്പടവുകൾ വശങ്ങളിലേക്ക് ചരിഞ്ഞു നിൽക്കുന്നത് കാരണം മുകളിലേക്കുള്ള കയറ്റം അത്ര എളുപ്പമായിരുന്നില്ല. തേഞ്ഞു മിനുസമായ കല്ലിൽ കാലുറപ്പിക്കുക കഠിനമായി തുടങ്ങി, ഒപ്പം ഭാരമേറിയ ബാഗും. കിഴക്ക് നിന്ന് പടിഞ്ഞാറേക്കുള്ള പാതയിൽ ആകാശക്കോട്ടകൾ തകർത്തു സൂര്യ രശ്മികൾ ഞങ്ങളെ നിരന്തരം തളർത്തി. തണൽ തേടി വഴി മധ്യേ കണ്ട ഗുഹാമുഖത്തിരുന്നു. ഇത്തരം ഗുഹയിലായിരുന്നത്രെ സഹോദരനായ ബാലിയെ പേടിച്ച് സുഗ്രീവൻ ഒളിച്ചു താമസിച്ചിരുന്നത്. ഒടുവിൽ മാതംഗ ഹില്ലിന്റെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വീരഭദ്ര ക്ഷേത്രത്തിൽ എത്തി. വിഗ്രഹാരാധന ഉണ്ടെങ്കിലും മതിയായ പരിചരണമില്ലാതെയാണ് ആ ക്ഷേത്രം നില നിൽക്കുന്നതെന്ന് കാണാം. ചെറിയ തൂണുകളിൽ പണിതുയർത്ത ക്ഷേത്രത്തിൽ അതിശയപ്പെടുത്തുന്ന കൊത്തു പണികളൊന്നും തന്നെയില്ല, പകരം വഴി മാറിയേക്കാവുന്ന തരത്തിലുള്ള നിർമാണ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പല കോണുകളിലും പുറത്തേക്കുള്ള കാഴ്ച സുലഭമാണ്. അതിലൊന്നിലൂടെ പുറത്തിറങ്ങി അൽപ്പം പടിക്കെട്ടുകൾ കൂടി കയറിയാൽ ഹംപിയുടെ ആകാശ ദൃശ്യം സാധ്യമാവും. ഹംപിയുടെ ഭൂപ്രകൃതിയെ വേർതിരിച്ചു കാണാവുന്ന തരത്തിലാണ് മാതംഗ ഹില്ലിന്റെ മുകൾ തട്ടിൽ ലഭിക്കുന്ന കാഴ്ച. അച്ചുതരായ ക്ഷേത്രം, വിരൂപാക്ഷ ക്ഷേത്രം, കൂടണ്ട രാമ ക്ഷേത്രം, ഹംപി ബസാറിനെ ഹിപ്പി ഐലൻഡിൽ നിന്ന് വേർതിരിച്ചുകൊണ്ട് ഒഴുകുന്ന തുംഗഭദ്ര നദി അതിനുമപ്പുറം പച്ചവിരിച്ച വാഴ തോട്ടങ്ങൾ. വിജയനഗരാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളുടെ ആകെത്തുകയാണ് ഈ മല മുകളിലെ കാഴ്ച. തിരിച്ചിറക്കത്തിൽ പ്രധാന കവാടത്തിന്റെ മധ്യത്തിൽ ഒരു പയ്യൻ വിരൂപാക്ഷ ക്ഷേത്രത്തിന് അഭിമുഖമായിരിക്കുന്നത് കണ്ടു. തോളിലെ ബാഗ് സമീപം വെച്ച് കൊണ്ട് ഞാനും ഇരുന്നു, മുട്ടിന് തൊട്ടുമുകളിലായി കുപ്പായ കയ്യിന്റെ നീളത്തിൽ മാത്രമേ അവന് കൈയുണ്ടായിരുന്നുള്ളു. പരസ്പരം ഒന്നും സംസാരിക്കാനില്ലാത്ത ഞങ്ങൾക്ക് മുമ്പിൽ സൗഹൃദത്തിന്റെ പാലമിട്ടത് എന്റെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ്സായിരുന്നു. അത് ചോദിച്ച അവന്റെ പാതിയും അറ്റു പോയ കൈ കൊണ്ട് ചൂണ്ടിയത് എന്റെ നെഞ്ചിലേക്കായിരുന്നു
ബസ് വന്ന വഴികളിൽ ഞങ്ങൾ സൈക്കിൾ ചവിട്ടി യാത്ര തുടർന്നു. കരിങ്കൽ പാറകളിലും ഭൂമിക്കടിയിലുമായി സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളാൽ ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് ഹംപി. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന അവ വിജയനഗര സാമ്രാജ്യത്തിന്റെ പതന ശേഷം ഈ നിലയിലായതോ അല്ലെങ്കിൽ അപൂർണ്ണമായ നിർമ്മിതികളോ ആണ്. കൊത്തു പണിയുടെ വളരെ നേരിയ തോതിലുള്ള അടയാളങ്ങളോടു കൂടിയ ഗണപതി വിഗ്രഹം സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കടലേകള് ക്ഷേത്രം. പൂർണമായും കല്ലിൽ തീർത്ത ആ നിർമ്മിതിയെ താങ്ങി നിർത്തിക്കൊണ്ട് വലിയ കൽ തൂണുകൾ അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. ഉച്ചവെയിലിൽ ചരിത്ര അവശേഷിപ്പുകളിലൂടെ യാത്ര തുടർന്നു. വഴിയരികിലെ പാറക്കെട്ടുകൾ തലക്കൂട്ടിയുരുമ്മുന്ന പോർക്കാളകളെ ഓർമ്മിപ്പിച്ചു. ടാറിട്ട റോഡിൽ നിന്ന് മൺപാതയിലേക്കു യാത്രയുടെ ദിശ മാറി തുടങ്ങി. എത്തുന്നിടത്തെല്ലാം സഞ്ചാരികളുടെ സന്ദർശനം വളരെ കുറവായിരുന്നു. പുറം തേച്ചിട്ടില്ലാത്ത കോട്ടകൾ, കാലുകൾക്കിടയിൽ അവയെ ബന്ധിപ്പിച്ചു നിർത്തുന്നതിനായി ഒന്നും തന്നെ ഇല്ല, വേരറ്റ പോലെ കിടക്കുന്ന നിരീക്ഷണ കെട്ടിടങ്ങൾ, വിജനമായ വഴിയിൽ സൈക്കിളോടിക്കുമ്പോൾ ചരിത്രം എന്റെ എതിരേ പാഞ്ഞടുക്കുന്ന പോലെ തോന്നി. ഇടക്കെപ്പോഴോ വഴിയൊന്നു തെറ്റി, ചെന്ന് നിന്നത് ഒരു കൂറ്റൻ മതിൽ കെട്ടിന് മുന്നിൽ. ആനപ്പുറത്തേറി വരുന്നവർ, കുതിരപ്പുറത്തെ പടയാളികൾ, രാജ സദസ്സിൽ നൃത്തം ചെയ്യുന്ന ദാസിമാർ, അന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ എല്ലാം തന്നെ ആ ചുവരിൽ കൊത്തിവച്ചിട്ടുണ്ട്. ചുവര് അവസാനിക്കുന്നിടത്തു ഒരു വഴി ഉണ്ട് അൽപ്പം ചെറുതാണ്. കഠിനമായ ശ്രമത്തിനൊടുവിൽ സൈക്കിളുകൾ മറു ഭാഗത്തെത്തിക്കാൻ സാധിച്ചു. അൽപ്പം നടന്നപ്പോൾ ഹസാര കൃഷ്ണ ക്ഷേത്രത്തിന് മുന്നിലെത്തി. കുറച്ചു ഫോട്ടോകൾ പകർത്തിയ ശേഷം അവിടെ നിന്ന് ചലിച്ചു തുടങ്ങി. മാപ്പിന്റെ സഹായമില്ലാതെ യാത്ര തുടർന്നത് വിനയായി, ലക്ഷ്യങ്ങൾ ഓരോന്നായി മാറി , ചെങ്കുത്തായ മൺ പാതകൾ ഒട്ടും രൂപ ഭംഗിയില്ലാത്ത കൽ പടവുകൾ , തുടർച്ചയായ യാത്ര കാരണം സൈക്കിളിൽ നിന്ന് ഇറങ്ങി നടക്കേണ്ട എന്ന് മനസ്സിനോട് മന്ത്രിച്ചു. കൽപ്പടവുകൾ ഒട്ടും ദയയില്ലാതെ ഓടിച്ചിറക്കി.മൺ കൂമ്പാരങ്ങൾ സൈക്കിളിനെ പിടിച്ചു നിർത്തി, മുനയേറിയ കല്ലിൽ തട്ടി ടയർ പഞ്ചറായി അതി കഠിനമായ ഇറക്കങ്ങൾ അതിവേഗത്തിൽ ഇറങ്ങുമ്പോൾ ബ്രേക്ക് പിടിച്ചത് കാരണം പിന്നിലെ ബ്രേക്കിന്റെ കൈപിടി തകർന്നു. രാഞ്ജിയുടെ കുളവും ഭൂ പ്രതലത്തിനു താഴെ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രവും കണ്ട് തീർത്ത ഞങ്ങൾ വഴിയരികിലെ കടയിൽ നിന്ന് സൈക്കിളിൽ കാറ്റടിച്ചുകൊണ്ട് ഞങ്ങൾക്ക് സൈക്കിൾ തന്ന പയ്യനെ തിരിച്ചേൽപ്പിച്ചു. ഭാഗ്യം ഒന്നുകൊണ്ട് അവൻ ആ കേടുപാടുകൾ കണ്ടില്ല.
വിരൂപാക്ഷക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ഒട്ടേറെ കുരങ്ങൻമാരുണ്ട്. വിരൂപാക്ഷക്ഷേത്രത്തിനോട് ചേർന്നൊഴുകുന്ന തുംഗഭദ്ര നദിക്കരയിൽ നിന്ന് ഒരു വള്ളം കയറി അക്കരയെത്തിയാൽ ഹിപ്പി ഐലൻഡും മങ്കി ടെമ്പിളും എത്താം. ജൂലൈ മാസത്തിലെ മഴ കാരണം തുംഗഭദ്ര നദി പിടി തരാതെ ഒഴുകുകയാണ്. റോഡ് വഴി പോകാനാണെകിൽ 30 കിലോമീറ്റർ താണ്ടണം. ഒടുവിൽ മനസില്ലാ മനസ്സോടെ അതെല്ലാം വേണ്ടെന്ന് വെച്ചു. 2 ദിവസം ചിലവഴിക്കാനായിരിന്നു പദ്ധതിയെങ്കിലും ഒടുക്കം നാട്ടിലേക്ക് തിരിക്കാമെന്ന് കരുതി ഹോസ്പേട്ടയിൽ തന്നെ തിരിച്ചെത്തി. അവിടെ നിന്ന് മൈസൂരിലേക്ക് ട്രെയിനിലും KSRTC യിൽ വായനാടിലേക്കും. ഒരു ദിവസം വയനാടിന്റെ തണുപ്പിനെ ഖൽബിലേക്കാവാഹിച്ചെടുത്തു. എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ കോഴിക്കോടേയ്ക്കും ആത്മമിത്രം അരീക്കോടിലേക്കും വഴിമധ്യേ പിരിഞ്ഞു.
0 Comments